രാജാക്കാട്: രാജാക്കാട് മുക്കുടിൽ ഞാറുകുളത്ത് ജോർജ്ജിന്റെ മകൾ ആനി റോസ് ജോർജ്ജ്(22) വൃക്ക മാറ്റിവയ്ക്കാൻ
സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. രാജാക്കാട് എസ്.എസ്.എം കോളേജിൽ ബി.കോം പാസ്സായ ശേഷം തൃക്കാക്കര ലോജിക് കോളേജിൽ സി.എം.എയ്ക്ക് പഠിക്കുന്നതിനിടയിൽ ശരീരത്തിൽ നീര് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്.
ആറാം സ്റ്റേജിലെത്തി നിൽക്കുന്ന അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തുന്നുണ്ട്. 35 കിലോമീറ്റർ അകലെ അടിമാലിയിലാണ് ഡയാലിസിസ് കേന്ദ്രം. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അമ്മ കൂലിപണിയെടുത്താണ് രണ്ടു കുട്ടികളെയും ഇവിടം വരെ വളർത്തിയെത്തിച്ചത്. ആനിയുടെ സഹോദരൻ ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. എങ്കിലും കിട്ടുന്ന തുശ്ചമായ തുക കൊണ്ട് ചികിത്സാ ചിലവ് താങ്ങാൻ ഈ കുടുംബത്തിന് കഴിയുന്നില്ല. 30 സെന്റ് സ്ഥലത്ത് ക്രെഡിറ്റ് യൂണിയൻ നിർമ്മിച്ചു നൽകിയ ഒറ്റമുറി വീട്ടിലാണ് ഇവർ കഴിയുന്നത്. ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളിൽ ഓപ്പറേഷനും, തുടർ ചികിത്സക്കുമായി ചെലവാകും.
എ പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയാണ് ആനിയ്ക്ക് ലഭിക്കേണ്ടത്. അതിന് വേണ്ടിയുള്ള അന്വേഷണത്തിലും,ചികിത്സാ ചെലവിന് പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലുമാണ് കുടുംബം. സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, വാർഡുമെമ്പറും വീട്ടിലെത്തി ചികിത്സ സഹായനിധി രൂപികരിക്കുന്നതടക്കമുള്ള സഹായങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർ യൂണിയൻ ബാങ്ക് സേനാപതി ശാഖയിൽ 735302010004682 നമ്പർ അക്കൗണ്ടിൽ സഹായം എത്തിക്കണം. ഐ.എഫ്.എസ്.സി കോഡ് UBIN0573531.