തിരുവനന്തപുരം: സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വർണകടത്തു കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനെ അയച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്. സ്വപ്നയുടെ ആരോപണം അപകീർത്തിപെടുത്തിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും, നഷ്ടപരിഹാരമായി 1 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.തനിക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുത വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം എം വി ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ തയാറല്ല. ഞാൻ എന്തിനാണ് മാപ്പ് പറയേണ്ടത്. എൻറെ മാനസാക്ഷിക്ക് വിരുദ്ധമായതൊന്നും പറഞ്ഞിട്ടില്ലെന്നും സ്വപ്ന പ്രതികരിച്ചു.