ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം 796 പേർക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം അയ്യായിരം കടന്നു. 109 ദിവസത്തിനു ശേഷമാണ് ആക്ടീവ് കേസുകൾ അയ്യായിരത്തിനു മുകളിൽ എത്തുന്നത്. രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,30,795 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ് കേസുകൾ വർധിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കേസുകൾ വർധിക്കുന്നതു തടയുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണു കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. പ്രാദേശികമായ കൊവിഡ് വ്യാപനം ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നു. പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവ കാര്യക്ഷമമാക്കണമെന്നു കേന്ദ്രം വ്യക്തമാക്കുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണു കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്.