അപൂർവ രോഗത്തിന് അസാധാരണ ചികിത്സ. അമേരിക്കൻ ബാങ്കിംഗിലെ പുതിയ പ്രതിസന്ധി മറികടക്കാൻ വമ്പൻ ബാങ്കുകളും അധികാരികളും കൂടി ആവിഷ്കരിച്ച പുതിയ തന്ത്രം അങ്ങനെ ഒന്നാണ്. വിപണി തൽക്കാലം ശാന്തമായി. ചികിത്സയുടെ ഫലപ്രാപ്തി വരും ദിവസങ്ങളിലേ അറിയാനാകൂ.
ഇതിനിടെ യൂറാേപ്പിൽ ക്രെഡിറ്റ് സ്വീസിനെ സ്വിസ് നാഷണൽ ബാങ്ക് പ്രത്യേകവായ്പ നൽകി താങ്ങി നിർത്തി. ഇനി ബാങ്കിന് അഴിച്ചു പണിയും മൂലധന സമാഹരണവും നടത്താൻ സമയം കിട്ടും. അതു വിജയിച്ചില്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കേണ്ടിവരും.
വ്യാഴാഴ്ച ഈ നടപടികളിലൂടെ അറ്റ്ലാന്റിക്കിന്റെ ഇരു വശങ്ങളിലും വിപണികൾ ശാന്തമായി. ഇന്നു വിപണികൾ ആശ്വാസത്തോടെ വാരാന്ത്യ വ്യാപാരത്തിലേക്കു കടന്നു.
യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇന്നലെ കുറഞ്ഞ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണു വർധന. പ്രതിസന്ധിക്കിടയിലും നിരക്ക് വർധിപ്പിച്ച നടപടിയെ ചിലർ വിമർശിച്ചെങ്കിലും പൊതുവേ അംഗീകാരം ലഭിച്ചു. യൂറോപ്യൻ ബാങ്കുകൾ ശക്തവും ഭദ്രവുമാണെന്നു കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് പറഞ്ഞതു വിപണിക്കു രസിച്ചു. പ്രതിസന്ധിക്കിടയിൽ നിരക്കുകൂട്ടിയ ലഗാർദിനെ മുൻ യുഎസ് ട്രഷറി സെക്രട്ടറി ലോറൻസ് സമ്മേഴ്സ് അഭിനന്ദിച്ചു.
അടുത്തയാഴ്ച യുഎസ് ഫെഡറൽ റിസർവും പലിശ വർധന തുടരും എന്ന് ഇതോടെ ധാരണ പരന്നു. പ്രതിസന്ധി മൂലം പലിശവർധന മാറ്റിവയ്ക്കും എന്നു വരെ സംസാരം ഉണ്ടായതാണ്. ഇനി വീണ്ടും പലിശപ്പേടി ഉയരാം. 25 ബേസിസ് പോയിന്റാണോ 50 ബേസിസ് പോയിന്റാണോ വർധിപ്പിക്കുക എന്ന സംശയമേ ഇപ്പോൾ ഉള്ളൂ.
ക്രെഡിറ്റ് സ്വീസിനു പ്രത്യേക രക്ഷാപദ്ധതി
സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്ക് തയാറാക്കിയ 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേകവായ്പാപദ്ധതിയാണു തൽക്കാലം താങ്ങി നിർത്തുന്നത്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഇതാദ്യമാണ് ഒരു ബാങ്കിനെ നിലനിർത്താൻ ഏതെങ്കിലും കേന്ദ്രബാങ്ക് പ്രത്യേകവായ്പാപദ്ധതി പ്രഖ്യാപിക്കുന്നത്.
ബാങ്കിന്റെ പ്രശ്നങ്ങൾ ഇതു കൊണ്ട് തീരുന്നില്ല. ബാങ്ക് കാതലായ അഴിച്ചുപണി നടത്തേണ്ടിവരും. നഷ്ടം വരുത്തുന്ന ചില വിഭാഗങ്ങളും യൂണിറ്റുകളും വിൽക്കേണ്ടി വരും. കഴിഞ്ഞ വർഷം സൗദി നാഷണൽ ബാങ്ക് 9.9 ശതമാനം ഓഹരി വാങ്ങിയപ്പാേൾ ഈ അഴിച്ചുപണി വാഗ്ദാനം ചെയ്തിരുന്നതാണ്. അതു സാധിച്ചില്ലെങ്കിൽ 167 വർഷം പഴക്കമുള്ള ബാങ്ക് വിൽക്കേണ്ടി വരാം. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്, രണ്ടാം സ്ഥാനത്തുള്ള ക്രെഡിറ്റ് സ്വീസിൽ താൽപര്യം എടുത്തേക്കാം.
ബാങ്കിനെ രക്ഷിക്കാൻ ബാങ്കുകൾ പണം നിക്ഷേപിക്കുന്നു
അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ 11 വലിയ ബാങ്കുകൾ ചേർന്നു 3000 കോടി ഡോളർ ആ ബാങ്കിൽ നിക്ഷേപിച്ചു. ബാങ്കിൽ നിന്നു നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുന്നതു തടയാനുള്ള നടപടി എന്ന നിലയിലാണ് ഈ അസാധാരണ രക്ഷാപദ്ധതി. 120 ദിവസത്തേക്കുള്ള നിക്ഷേപത്തിനു സാധാരണ എസ്ബി നിക്ഷേപത്തിന്റെ പലിശ നൽകും. ഈ നിക്ഷേപം ജനങ്ങൾക്കു ബാങ്കിലുള്ള വിശ്വാസം വളർത്തുമെന്നാണു കരുതുന്നത്.
അമേരിക്കയിലെ പതിന്നാലാമത്തെ വലിയ ബാങ്കാണ് 21,200 കോടി ഡോളർ ആസ്തി ഉള്ള ഫസ്റ്റ് റിപ്പബ്ലിക്. നേരത്തേ ജെപി മോർഗൻ ചേയ്സ് ബാങ്ക് 7000 കോടി ഡോളർ വായ്പ ഫസ്റ്റ് റിപ്പബ്ലിക്കിനു നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും വിപണി ശാന്തമായിരുന്നില്ല. ജെപി മോർഗൻ മേധാവി ജയ്മീ ഡിമൻ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലനാേടും ഫെഡ് ചെയർമാൻ ജെറോം പവലിനോടും ചർച്ച നടത്തിയാണ് രക്ഷാപദ്ധതി തയാറാക്കിയത്. 2008-ലെ പ്രതിസന്ധിയുടെ കാലത്ത് വീഴുന്ന ബാങ്കുകളെ വലിയ ബാങ്കുകൾ ചുളുവിലയ്ക്കു വാങ്ങുകയായിരുന്നു. പല ബാങ്കുകളുടെയും വളർച്ച തന്നെ ഈ ഏറ്റെടുക്കലുകളിലൂടെയാണ് നടന്നത്. പക്ഷേ ഇത്തവണ “ശവംതീനി” കഴുകന്മാരാകാൻ വൻ ബാങ്കുകൾ താൽപര്യപ്പെട്ടില്ല. കഴിഞ്ഞയാഴ്ച തകർന്ന മൂന്ന് അമേരിക്കൻ ബാങ്കുകളുടെ വിൽപന ഇനിയും നടന്നിട്ടില്ല.