നാഗ്പുർ: ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്നും മിംഗിൾ ആകാതെ സിംഗിൾ ആകാൻ ശ്രമിക്കുന്ന രാജ്യങ്ങൾ താഴേക്ക് പോകുമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവിൽ 20 യുടെ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി. മാനവരാശി ഇന്ന് പല വിധത്തിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നമ്മൾ കാണുകയും അറിയുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രശ്നങ്ങൾ സൂക്ഷ്മതലങ്ങളിൽ ഉണ്ടായേക്കാം. ഈ അവസരത്തിൽ മനുഷ്യന് രണ്ടു കാര്യങ്ങളാണു പ്രധാനമായി ഉണ്ടാകേണ്ടതെന്നും തിരിച്ചറിവും തിരുത്താനുള്ള മനസ്സുമാണ് അവയെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്നത് ഭാരതത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന മന്ത്രമാണെന്നും അത് പ്രയോഗികമാക്കുന്നതിനാണ് ജി20 ഊന്നൽ നൽകേണ്ടതെന്നും മാതാ അമൃതാനന്ദമയി ദേവി കൂട്ടിച്ചേർത്തു.
സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദ്ധ്യാത്മികതയുടെ മൂല്യം അതിന്റെ പൂർണ്ണതയിക്കെത്തുന്ന അത്ഭുതകരമായ കാഴ്ചയാണ് സിവിൽ 20 കൂട്ടായ്മയിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നായി 200 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.