മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാവും താക്കറെ വിശ്വസ്തനുമായ സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി ദാദാ ഭൂസെ രംഗത്ത്. “സഞ്ജയ് റാവത്ത് സേനയിൽ നിന്നുള്ളയാളാണ്, പക്ഷേ ശരദ് പവാറിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തനം.” ദാദാ ഭൂസെ പറഞ്ഞു. തുറമുഖ, ഖനന മന്ത്രിയായ ദാദാ ഭൂസെ കഴിഞ്ഞ ദിവസമാണ് എംപി സഞ്ജയ് രാവത്തിനെതിരെ രൂക്ഷമായി വിമർശിച്ചത്. മാലേഗാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭൂസെക്കെതിരെ ഗിർന അഗ്രോ സർവീസസിന്റെ പേരിൽ വൻ അഴിമതി ആരോപണം സഞ്ജയ് റാവത്ത് ഉന്നയിച്ചിരുന്നു.
ഉദ്ധവ് താക്കറെ മാർച്ച് 26 ന് മാലേഗാവിൽ ഒരു വലിയ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇതിനുള്ള മറുപടിയായി നിയമസഭയിൽ തിരിച്ചടിച്ച് ഭൂസെ പറഞ്ഞു, “ഞങ്ങളെ എന്നും ഒരു കൂട്ടം ആളുകൾ രാജ്യദ്രോഹികൾ എന്ന് വിളിച്ചിട്ടുണ്ട്, എന്നാൽ സഞ്ജയ് റാവത്താണ് ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹത്തിന്‍റെ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് സർക്കാരിനോടും പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഞാൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാഷ്ട്രീയവും രാജിവെക്കും.മാലേഗാവിലെ ജനങ്ങളോട് റാവുത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഭൂസെ, തന്നെ വിശ്വസ്തത പഠിപ്പിക്കാൻ എംപിക്ക് അവകാശമില്ലെന്നും പറഞ്ഞു. അതേസമയം ശരദ് പവാറിന്‍റെ പേര് പരാമർശിച്ചതിനെ എതിർത്ത അജിത് പവാർ, ശരദ് പവാറിന് രാഷ്ട്രീയത്തിൽ 50 വർഷത്തിലേറെ പരിചയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രശംസിക്കാറുണ്ടെന്നും പറഞ്ഞു. തന്റെ വാക്കുകൾ തിരിച്ചെടുക്കാൻ ഭൂസിനോട് ആവശ്യപ്പെട്ട അദ്ദേഹം ഇത്തരം അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞു.