ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്‌തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.