തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് പിടികൂടിയത്. ആക്രമണത്തിനിടയിൽ പൊള്ളലേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഇന്നലെ രാത്രിയാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി യു.പി സ്വദേശിയായ പ്രതി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ ബോഗിയിൽ യാത്രക്കാർക്ക്മേൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ പ്രതിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോയെന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്.
രത്നഗിരി ആർ.പി.എഫിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോൾ. ഷഹീൻ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമനാണ് സംഘത്തലവൻ. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആർ.അജിത്‌കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യു.പിയിലും നോയിഡയിലും അന്വേഷണം തുടരുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ പിടിയിലായത്.