കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് അന്വേഷണ സംഘം. പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് ഷാറൂഖ് സെയ്ഫി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രതിയുടെ ഒഴിഞ്ഞുമാറ്റം തെളിവെടുപ്പ് വൈകുന്നതിന് കാരണമായിരിക്കുകയാണ്. പ്രതി 14 മണിക്കൂർ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. അതിനാൽ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ ശ്രമമിക്കുകയാണ്. എന്നാൽ പ്രതി ഡൽഹിയിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തതെന്ന് വ്യക്തമായി.
ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതെന്നും സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കരുതുന്നു.