പാലക്കാട്: നൈപുണ‍്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പേരിടുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ ബിജെപി – പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്.
എൽഡിഎഫും കോൺഗ്രസും ഹെഡ്ഗേവാറിൻറെ പേരിടുന്നതിനെ എതിർത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് കൂട്ടത്തല്ലുണ്ടായത്. കൂട്ടത്തല്ലിനിടെ നഗരസഭയിലെ മൈക്കുകൾ തകർന്നു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി അംഗങ്ങൾ നഗരസഭ ചെയർപേഴ്സനെ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി.
നൈപുണ‍്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻറെ പേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസും എൽഡിഎഫ് അംഗങ്ങളും നഗരസഭയിൽ പ്രതിഷേധിച്ചത്. ഹെഡ്ഗേവാറിനെതിരേ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സനെതിരേ കരിങ്കൊടി കാണിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടാവുകയായിരുന്നു. ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാക്കിയെന്നായിരുന്നു ചെയർപേഴ്സൻറെ പ്രതികരണം.