Timely news thodupuzha

logo

കശ്മീരിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ്

ശ്രീനഗർ: കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായിട്ടുണ്ടെന്നും ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ ഭീകരസംഘടനകളുടെ നിർദേശം ലഭിച്ചതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നു. പാകിസ്ഥാൻ ചാര ഏജൻസിയായ ഇൻറർ-സർവീസസ് ഇൻറലിജൻസ് (ഐഎസ്ഐ), ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിൽ താമസിക്കുന്ന പുറത്ത് നിന്നുള്ളവർ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവർക്കെതിരേ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്.

പഹൽഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടേയും ഭീകരരെ സഹായിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരുടേയും വീടുകൾ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് തകർത്തിരുന്നു. ഇതിനു തിരിച്ചടിയെന്ന തരത്തിൽ വലിയതും കൂടുതൽ ശക്തവുമായ ആക്രമണങ്ങൾ നടത്താനാണ് സ്ലീപ്പർ സെല്ലുകൾക്ക് നിർദേശം ലഭിച്ചിട്ടുള്ളതെന്നും ഇൻറലിജൻസ് സൂചിപ്പിക്കുന്നു.

കൂടാതെ, പുറത്തുനിന്നുള്ള ആളുകളുടെ കൂടുതൽ എത്താൻ സാധ്യതയുള്ള റെയിൽവേയെ പോലുള്ള ഇടങ്ങൾ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്കു സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നൽകി. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ നിയുക്ത ക്യാമ്പുകളിൽ നിന്നും അനാവശ്യമായി പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഏജൻസികൾ നിർദ്ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ നടപടികൾ ഗണ്യമായി ശക്തിപ്പെടുത്തി.

ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കശ്മീർ പൊലീസിൻറെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആൻറി ഫിദായീൻ സ്ക്വാഡുകളെ വിന്യസിച്ചു. ഒപ്പം ജമ്മു കശ്മീർ സർക്കാർ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചുപൂട്ടി.

Leave a Comment

Your email address will not be published. Required fields are marked *