നെടുങ്കണ്ടം: മോഷണ മുതലുമായി എത്തിയ രണ്ട് യുവാക്കളെ നൈറ്റ് പട്രോളിഗിംനിടെ പിടികൂടി നെടുങ്കണ്ടം പൊലിസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്ക്കാണ് സംശാസ്പദമായ സാഹചര്യത്തില്‍ നെടുങ്കണ്ടം ടൗണില്‍ കണ്ട രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ്(19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ്(22) എന്നിവരെ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ടി.എസ്സിന്റെ നേത്യത്വത്തില്‍ പിടികൂടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഇതിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നെടുങ്കണ്ടം എസ്‌ഐയുടെ നേത്യത്വത്തില്‍ രാത്രികാല പെട്രോളിംഗിന്റെ ഭാഗമായി ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ വഴി കടന്ന് പോകുമ്പോള്‍ രണ്ട് യുവാക്കള്‍ ബൈക്കിന് സമീപം നല്‍ക്കുന്നത് കണ്ടു. മറ്റൊരു വ്യക്തി സമീപത്തെ കടയുടെ മറവിലേയ്ക്ക് മാറുന്നതായും കണ്ട എസ്‌ഐയും കൂട്ടരും വാഹനം നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുവാന്‍ എത്തിയതോടെ ബൈക്കെടുത്ത് ജിന്‍സ് മുന്നോട്ട് പോയി. സംശയം തോന്നിയതോടെ ജോയിസിനോട് ഈ സമയത്ത് ഇവിടെ നില്‍ക്കുവാനുള്ള കാരണം ചോദിച്ചറിഞ്ഞു. ഞങ്ങള്‍ രണ്ടുപേരെ ഉളളുവെന്നും മദ്യം കഴിച്ചതിനാലാണ് കൂടെയുള്ളയാള്‍ വണ്ടിയെടുത്ത് പോയതെന്ന് ജോയിസ് പറഞ്ഞു. സമീപത്തായി സ്‌കൂട്ടിയില്‍ ഇരിക്കുന്ന ചാക്ക് കെട്ട് ശ്രദ്ധയില്‍പെട്ടുകയും അഴിച്ച് നോക്കിയപ്പോള്‍ അമ്പലത്തിലെ വിളക്കുകളും മറ്റും കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കടക്കാര്‍ എന്നിവരെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ തിരിച്ചലില്‍ രക്ഷപെടാന്‍ ശ്രമിച്ച ജിന്‍സിനെ പൊലീസ് പിടികൂടിയത്. എസ്‌ഐ ജയകൃഷ്ണന്റെ നിരീക്ഷണപാടവമാണ് പ്രതികളെ പിടികൂടുവാന്‍ കാരണമായത്.
ജിന്‍സ്, ജോയിസ് എന്നിവരുടെ സുഹൃത്തായ ബിനുവിന്റെ നേത്യത്വത്തിലാണ് വാഴവരയിലെ വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ മോഷണം നടത്തുന്നത്. ബിനുവിന്റെ സുഹൃത്ത് വഴി വളരെ കാലമായി അടഞ്ഞു കിടക്കുന്ന ആശ്രമത്തെ കുറിച്ച് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. മോഷണ മുതലുമായി നെടുങ്കണ്ടത്ത് എത്തിയ പ്രതികള്‍ രാത്രി പെട്രേളിംഗിന് ഇറങ്ങിയ പൊലീസിനെ കണ്ടത്. ബിനു കടയുടെ മറവിലേയ്ക്ക് പതുങ്ങുകയും, ജിന്‍സ് ബൈക്ക് എടുത്ത് പോകുകയും ചെയ്തു.എസ്‌ഐയ്ക്ക് പുറമേ എസ്‌ഐ സജീവ്, എസ് സിപിഒ സുനില്‍ മാത്യു, സിപിഒമാരായ അജീഷ് അലിയാര്‍, ദീപു, ഹോം ഗാര്‍ഡ്് സുഗതന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു.