ദുബായ്: ആകാംക്ഷയുടെയും കാത്തിരിപ്പിന്റേയും നിമിഷങ്ങൾക്കൊടുവിൽ യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ചന്ദ്രന്റെ വടക്ക് കിഴക്കൻ മേഖലയായ അറ്റ്‌ലസ് ഗർത്തത്തിൽ സോഫ്‌റ്റ് ലാന്റ് ചെയ്യാനുള്ള ശ്രമമാണ് അവസാന നിമിഷം പാളിയത്.

ജാപ്പനീസ് കമ്പനിയായ ഐ സ്‌പേയ്‌സിന്റെ ഹക്കുട്ടോ ആർ.ലാന്ററാണ് യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റഷീദ് റോവറുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.10ന് ലാന്റർ ചന്ദ്രന്റെ ഒരു കിലോമീറ്റർ അടുത്തുവരെ എത്തിയെങ്കിലും തുടർന്ന് വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രന്റെ നൂറുകിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ അഞ്ച് ഘട്ടങ്ങളിലായി വേഗത കുറച്ചുകൊണ്ടുവന്ന് ലാന്റ് ചെയ്യിക്കാനാണ് ലക്ഷ്യമിട്ടത്.

മണിക്കൂറിൽ 5800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച പേടകത്തെ രാത്രി ഒമ്പതോടെ വേഗത കുറച്ച് താഴേക്ക് തൊടുത്തു വിട്ടു. സ്വയം നിയന്ത്രിത സംവിധാനം വഴി പ്രൊപ്പൽഷൻ എൻജിനുകൾ ജ്വലിപ്പിച്ചാണ് വേഗത നിയന്ത്രിച്ചത്. അവസാന ഘട്ടത്തിൽ ചാന്ദ്ര പ്രതലത്തിൽ നിന്ന് രണ്ടു കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ വേഗത മൂന്ന് കിലാമീറ്ററിൽ എത്തിയിരുന്നു.

ഒരു കിലോമീറ്റർ കഴിഞ്ഞതോടെ ഭൂമിയുമായുള്ള പേടകത്തിന്റെ ബന്ധം അപ്രതീക്ഷിതമായി നിലക്കുകയായിരുന്നു. റോവർ അടങ്ങുന്ന പേടകം അവസാന നിമിഷം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയെന്നാണ് നിഗമനം. കഴിഞ്ഞ ഡിസംബർ 11ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റാണ് ഹക്കുട്ടോ വിക്ഷേപിച്ചത്.