ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി.
ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. മാത്രമല്ല നിയമസഭ അലവൻസോ പ്രതിഫലമോ വാങ്ങാനുമാവില്ല.
കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് ഭാഗിക സ്റ്റേ. പട്ടിക ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.
ക്രൈസ്തവ മത വിശ്വാസിയായ രാജ വ്യജരേഖകൾ കാട്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദേവികുളം എം.എൽ.എയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥിയായ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.