ഇടുക്കി: ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് വ്യാപാരികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ജില്ലയിൽ ഇതുവരെ കേൾക്കാത്ത ദുരന്ത വാർത്ത കേട്ടാണ് ഇന്ന് രാവിലെ ജില്ലാ ആസ്ഥാനം ഉണർന്നത്. ചെറുതോണിയിലെ മെഡിക്കൽ ഷോപ്പ് ഉടമയായ ലൈജു കട പൂട്ടിയശേഷം വീട്ടിലേക്ക് മടങ്ങും വഴി ചെറുതോണി തിയറ്ററിന് സമീപം വച്ചായിരുന്നു ആക്രമികൾ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. കരുതിക്കൂട്ടി ഏറെനേരം ലൈജു കടയടയ്ക്കുന്നത് കാത്ത് സമീപത്തെ ബേക്കറിയുടെ മുമ്പിൽ ഇരു ചക്ര വാഹനത്തിൽ ആക്രമികൾ രണ്ടുപേർ നിന്നിരുന്നു . ലൈജു കടയടച്ച് കാറുമായി മുന്നോട്ടുപോകുമ്പോൾ പിന്തുടർന്ന് ഇവർ തിയറ്ററിന് സമീപം എത്തി ആളൊഴിഞ്ഞ പ്രദേശത്ത് വച്ചാണ് വാഹനം തടഞ്ഞുനിർത്തി ആസിഡ് ഒഴിച്ചത്. ചെറുതോണി ടൗണിൽ ഉൾപ്പെടെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി സംഘങ്ങൾ ഈ മേഖലയിലുണ്ട് , ഇത്തരം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചെറുതോണിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വ്യാപാരി നേതാക്കന്മാരായ ജോസ് കുഴികണ്ടം, ബാബു ജോസഫ് , എൻ.ജെ.വർഗീസ്, സുരേഷ് മീനത്തേരി, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ജിജേഷ് ചന്ദ്രൻ , വിനു.പി.തോമസ്, ഷിജോ തടത്തിൽ, പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.