Timely news thodupuzha

logo

അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങൾക്ക് സമയബന്ധിത പരിഹാരം; മന്ത്രി റോഷി അഗസ്റ്റിൻ

പീരുമേട്: സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന രംഗത്ത് വലിയ പുരോഗതി സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു. സാധരണക്കാരയ ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായാണ് സർക്കാർ എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ കഴിഞ്ഞ രണ്ട് അദാലത്തുകളിലായി ഒട്ടേറെ പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. വേദികളിൽ സ്വീകരിക്കപ്പെടുന്ന പുതിയ പരാതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അതുകൊണ്ടുതന്നെയാണ് പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ ജനങ്ങൾക്കരിലേക്ക് എത്തുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ് എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത്.

സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. ഭരണപുരോഗതി വിലയിരുത്തുന്നതിനായി ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ അവശേഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കിക്കൊണ്ടാവും ഈ സർക്കാർ ഭരണം പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

അദാലത്ത് ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് സ്വാഗതം ആശംസിച്ചു. വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ, സബ് കളക്ടർ അരുൺ എസ് നായർ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാകുന്നേൽ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *