തൊടുപുഴ: ഗ്ലോബൽ ഇന്ത്യൻ വോയ്സ് ഇന്ത്യ യു.എസ് പ്രിന്റ് ന്യൂസ് പേപ്പറിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഉദ്ഘാടനം തൊടുപുഴ ശ്രീവിനായക് ഹോട്ടൽ ഹാളിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഗ്ലോബൽ ഇന്ത്യൻ വോയ്സ് ചീഫ് എഡിറ്റർ ജോർജ് കൊട്ടാരത്തിന്റെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോയ്സ് ന്യൂസ് എഡിറ്റർ തോമസ് അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ സത്യം ഓൺലൈൻ എഡിറ്ററും കോം ഇന്ത്യയുടെ പ്രസിഡൻറും പ്രസ്സ് അക്കാദമി മെമ്പറുമായ വിൻസന്റ് നെല്ലിക്കുന്നേൽ, ഇടുക്കി പ്രസ്സ് ക്ലബ് സെക്രട്ടറി ജയ്‌സ് വാട്ടപ്പിള്ളി, വി.ബി.സി എഡിറ്റർ സാബു നെയ്ശ്ശേരി, ഓൾ കേരള ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വർക്കി, കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, തമ്പി എരുമേലിക്കര, എം.എസ് പവനൻ, ജോസ് തോമസ് കളരിക്കൽ,സണ്ണി മണർകാട്, ജോൺസൺ ബേബി, ഗ്ലോ ലോബൽ ഇന്ത്യൻ വോയ്സ് ന്യൂസ് സറ്റേറ്റ് കറസ്പോണ്ടന്റ് പോൾ മാള എന്നിവർ പങ്കെടുത്തു.
ഗ്ലോബൽ ഇന്ത്യൻ വോയ്സിന്റെ ശ്ലാഘനീയമായ പ്രവർത്തനങ്ങൾക്ക് അമേരിക്കൻ സർക്കാരിന്റെ അംഗീകാരമായി ന്യൂയോർക്ക് സെനറ്റർ കെവൻ തോമസിന്റെ ഓഫീസിൽ നിന്നും എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കായി നൽകിയ പ്രശംസ പത്രവും, മൊമെന്റോയും ചടങ്ങിൽ സമ്മാനിച്ചു.
ജോർജ് കൊട്ടാരം ഗ്ലോബൽ ഇന്ത്യൻ വോയ്സ് പിന്നിട്ട നാളുകളുടെ ചരിത്രവും ന്യൂയോർക്കിലെ പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് നടത്തിയ പത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും അമേരിക്കൻ ഐക്യ നാടുകളിൽ പ്രത്യേകിച്ച് ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ ഇടയിൽ പത്രത്തിന്റെ സ്വാധീനവും കൈവരിച്ച നേട്ടങ്ങളും വിശദമായി പ്രതിപാദിച്ചു. മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പത്രമാധ്യമങ്ങൾ നേരിടുന്ന ആനുകാലിക വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ എം.എൻ ബാബു നന്ദിയും രേഖപ്പെടുത്തി.