തൊടുപുഴ: ഖേലോ ഇന്ത്യാ സൗത്ത് സോൺ വുമൺസ് ലീഗ് മത്സരങ്ങളിൽ അഞ്ച് സ്വർണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടി കേരളത്തെ വിജയത്തിലേയ്ക്ക് നയിച്ച ഇടുക്കിയുടെ സൈക്ലിസ്റ്റുകൾക്ക് ജില്ലാ സൈക്ലിംഗ് അസോസ്സിയേഷൻ സ്വീകരണം നൽകും. കേരളത്തിൽ നിന്ന് ആദ്യമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്കും സ്വീകരണം നൽകും.
21ന് വൈകിട്ട് മൂന്നിന് തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന സ്വീകരണ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനംചെയ്യും. ഇതോടൊപ്പം ജില്ലാ സൈക്ലിഗ് അസ്സോസിയേഷൻ നടത്തിവരുന്ന സമ്മർ കോച്ചിംഗ് ക്യാമ്പുകളുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് സമാപന സന്ദേശം നൽകും.
വാർഡ് കൗൺസിലർ രാജി അജേഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡൻറ് എസ്.എസ്. സുധീഷ്കുമാർ, സെക്രട്ടറി ബി.ജയപ്രസാദ്, വൈസ് പ്രസിഡൻറ് എൻ.രവീന്ദ്രൻ, ട്രഷറർ കെ.വിനോദ്കുമാർ, അഡ്വ. ജോർലി കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ യു.എൻ പ്രകാശ് തുടങ്ങിയവർ സംസാരിക്കും.