കൊച്ചി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് 29ന് കർഷകരുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരളത്തിൽ വന്യമൃഗശല്യം അതിരൂക്ഷമാകുകയും ദിനംപ്രതി നിരവധി കർഷകകർക്ക് പരിക്കേൽപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികൾ നിസംഗതരായിരിക്കുന്നത് ധിക്കാരപരമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടാത്തത് ആരെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണമെന്നും കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ മനുഷ്യജീവന്റെ സംരക്ഷണത്തിനായി ജനങ്ങൾക്ക് വേട്ടയാടാനുള്ള നിയമനിർമ്മാണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ.കെ.വി ബിജു വിഷയാവതരണം നടത്തി. സേവ് വെസ്റ്റേൺ ഘട്‌സ് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ മുഖ്യാതിഥി ആയിരുന്നു. ജനറൽ കൺവീനർ ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, രാഷ്ടിയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻമാരായ മുതലാംതോട് മണി, ജോയ് കണ്ണംചിറ, മനു ജോസഫ്, ജോർജ് സിറിയക്, ഭാരവാഹികളായ അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, സണ്ണി തുണ്ടത്തിൽ, വി.എൻ രവീന്ദ്രൻ, ജോബിൾ വടാശ്ശേരി, വർഗീസ് കൊച്ചുകുന്നേൽ, റോസ് ചന്ദ്രൻ, ചാക്കപ്പൻ ആന്റണി, ബാബു പുതുപ്പറമ്പിൽ, ഏനു പി.പി, ജിജോ വട്ടോത്ത് തുടങ്ങിയവർ സംസാരിച്ചു.
വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് 29ന് രാവിലെ 10ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ കേരളത്തിലെ മുഴുവൻ കർഷകപ്രസ്ഥാനങ്ങളും ജനങ്ങളുടെ രക്ഷയ്ക്കായി അണിചേരണമെന്ന് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അഭ്യർത്ഥിച്ചു.