തൊടുപുഴ: ഭാരതീയ ജനതാ പാർട്ടി ഇടുക്കി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ ജില്ലാ സമിതി യോഗം ചേർന്നു. തൊടുപുഴ എൻ.എസ്.എസ് ഓഡിറ്ററിയത്തിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് എൻ.ഹരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷ് സ്വാഗതം ആശംസിച്ചു.
രാജ്യത്തിന്റെ ഔദ്യോഗിക ഇക്കണോമിയുടെ സമാനവും അതിലും ശക്തമായിട്ടുള്ള ഒരു ഇക്കൊണമി കള്ളക്കടത്തുകാരും പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളും കേന്ദ്രീകരിച്ച് ഇന്ത്യയിൽ നടമാടുന്നുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ ഇന്ത്യയുടെ കറൻസിയുടെ സെക്യൂരിറ്റി കോഡ് ഉൾപ്പെടെ രാജ്യദ്രോഹികൾ ശത്രു രാജ്യത്തിന് ചോർത്തിക്കൊടുത്തു എന്നുള്ള ഗുരുതരമായ പ്രതിസന്ധി നേരിട്ട സമയത്താണ് നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധിച്ചത്. അതിന്റെ ഫലമായി ഇന്ത്യൻ കറൻസിയുടെ 97% തിരിച്ചു ബാങ്കുകളിലേക്ക് എത്തി. കണ്ടെയ്നർ കണക്കിന് ഇന്ത്യയിൽ കുമിഞ്ഞു കൂടിയിരുന്ന കള്ള നോട്ടുകൾ മുഴുവൻ ഒറ്റയടിക്ക് ഇല്ലാതായി. ഡിജിറ്റലൈസേഷന്റെ കാര്യത്തിൽ ലോകാദ്ഭുതമായിട്ട് ഇന്ത്യ മാറിക്കഴിഞ്ഞു.കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഇന്ത്യ ഐ എം എഫിന്റെ കണക്കു പ്രകാരം സാമ്പത്തിക പുരോഗതിയിൽ ലോകാദ്ഭുതങ്ങളിൽ ഒന്നായി മാറിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്.സുരേഷ് പറഞ്ഞു.
സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ജില്ല ആസ്ഥാനമായ തൊടുപുഴയിൽ ധർണ സംഘടിപ്പിക്കുമെന്ന് മേഖല പ്രസിഡന്റ് എൻ.ഹരി അറിയിച്ചു. മേഖല സംഘടനാ സെക്രട്ടറി എൽ.പദ്മകുമാർ സംഘടനാ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. സംസ്ഥാന സമിതി അംഗം പി.എ.വേലുക്കുട്ടൻ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പാർട്ടിയുടെ മറ്റു മേഖല ജില്ലാ മണ്ഡല തല നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന ജില്ലാ വൈസ് പ്രസിഡന്റ് സി.സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി.