Timely news thodupuzha

logo

ഏഴല്ലൂരിലെ ഹരിത സപ്താഹത്തിന് സർക്കാരിന്റെ സാക്ഷ്യപത്രം

കുമാരമംഗലം: ഏഴല്ലൂർ നരസിംഹ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രഭരണസമിതി സംഘടിപ്പിച്ച ഹരിത സപ്താഹത്തിന് സർക്കാരിന്റെ ഹരിത സർട്ടിഫിക്കറ്റ്. ഏഴു ദിവസത്തെ സപ്താഹ യജ്ഞം പൂർണ്ണമായും മാലിന്യമുക്തമായി നടത്തിയതിന് ഹരിതകേരളം മിഷനാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഏഴു ദിവസങ്ങളിലായി അയ്യായിരത്തോളം ആളുകൾ പങ്കെടുത്ത പ്രസാദഊട്ട് അടക്കമുള്ള ചടങ്ങുകളാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബിൾ വസ്തുക്കളൊഴിവാക്കി നടത്തിയത്.

സപ്താഹത്തിന്റെ സമാപന ചടങ്ങിൽ നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. വി.ആർ.രാജേഷിൽ നിന്നും ഹരിത സർട്ടിഫിക്കറ്റ് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാമകൃഷ്ണൻ പാലയ്ക്കൽ, സെക്രട്ടറി സന്തോഷ് പള്ളിയ്ക്കാശേരി എന്നിവർ സ്വീകരിച്ചു. ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഒഴിവാക്കിയത് ടൺ കണക്കിന് മാലിന്യം – പുനചംക്രമണത്തിന് പോലും സാധിക്കാത്ത ടൺ കണക്കിന് ജൈവ അജൈവ മാലിന്യമാണ് ഇതിലൂടെ ഒഴിവാക്കാനായതെന്ന് നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. വി.ആർ. രാജേഷ് പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ സമ്പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കുന്ന ഉൽസവങ്ങളും പെരുന്നാളുകളുമടക്കമുള്ള എല്ലാ ആഘോഷ പരിപാടികൾക്കും സർക്കാർ ഹരിതസാക്ഷ്യപത്രം നൽകുമെന്ന് ഡോ. രാജേഷ് പറഞ്ഞു.

പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് വസ്തുക്കളും തരം തിരിച്ച് ശേഖരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശേഖരിച്ച് കമ്പോസ്റ്റ് കുഴിയുണ്ടാക്കി ജൈവവളമാക്കുന്നതിനും സംവിധാനമുണ്ടാക്കിയിരുന്നു. ഹരിതമായി സപ്താഹം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾക്കായി അവർ പാലിക്കേണ്ട മാർഗ്ഗ നിർദേശ ബോർഡുകൾ ഭരണസമിതി സ്ഥാപിച്ചിരുന്നു. പ്രസാദഊട്ടിന്റെ ആവശ്യത്തിനായി 500സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു വാങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *