ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയല്ല രാഷ്‌ട്രപതിയാണ് ഉദ്ഘാടനം നിർവഹിക്കേണ്ടെന്ന അഭിപ്രായവുമായി ഇരുപതു പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കുന്നതിനിടെയും പകിട്ട് തീരെ ചോരാതെ പരിപാടി ഗംഭീരമാക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തയാറെടുപ്പ്.
ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു തമിഴ്നാട്ടിലെ ശൈവ സന്ന്യാസിമാർ വഴി ജവഹർലാൽ നെഹ്റുവിനു കൈമാറുകയും, ഇതുവരെ അലാഹാബാദിലെ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന ചെങ്കോൽ പുതിയ മന്ദിരത്തിൽ ലോക്സഭാ സ്പീക്കറുടെ ചേംബറിനോടു ചേർന്നു സ്ഥാപിക്കും.
ഉത്തർപ്രദേശിൽനിന്നുള്ള പരവതാനികളും ത്രിപുരയിൽനിന്നുള്ള ബാംബൂ ഫ്ളോറിങ്ങും രാജസ്ഥാനിൽനിന്നുള്ള കൽക്കൊത്തുപണികളുമടക്കം ഇന്ത്യയുടെ സമഗ്രത ഉൾക്കൊള്ളിക്കാനുള്ള ശ്രമം തന്നെ പുതിയ മന്ദിരത്തിൽ നടത്തിയിട്ടുണ്ട്. ചെങ്കോൽ ദക്ഷിണേന്ത്യയിലെ ചോള പാരമ്പര്യത്തിന്‍റെ പ്രതീകവും.
നിർമാണത്തിൽ ഉപയോഗിച്ചിട്ടുള്ള വിവിധ വസ്തുക്കൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ശേഖരിച്ചിട്ടുള്ളത്. തേക്ക് തടി മഹാരാഷ്‌ട്രയിൽനിന്ന്, ലോക്‌സഭയുടെയും രാജ്യസഭയുടെയും മേൽക്കൂരയിലെ ഉരുക്ക് ഡാമൻ ദിയുവിൽനിന്ന്.
ഉദ്ഘാടനത്തോടനുബന്ധിച്ച്, രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഓർമപ്പെടുത്തലായി 75 രൂപയുടെ പ്രത്യേക നാണയവും പുറത്തിറക്കും.
ടാറ്റാ പ്രോജക്റ്റ്സ് ലിമിറ്റഡ് പണി പൂർത്തിയാക്കിയ പുതിയ മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം വിളിച്ചോതുന്ന അതിവിശാലമായ ഭരണഘടനാ ഹാളും എംപിമാർക്കുള്ള ലോഞ്ചും ലൈബ്രറിയും സമിതി യോഗങ്ങൾക്കുള്ള മുറികളും ഡൈനിങ് ഏരിയകളുമെല്ലാമുണ്ടാകും.
ത്രികോണാകൃതയിലുള്ള നാലു നില കെട്ടിടത്തിന് 6,94,722 സ്ക്വയർ ഫീറ്റാണ് വിസ്തൃതി. ജ്ഞാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ എന്നിങ്ങനെ മൂന്നു പ്രവേശന കവാടങ്ങൾ. വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേകം പ്രവേശന സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.