Timely news thodupuzha

logo

സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്‌ക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ്‌ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും പ്രവർത്തിക്കുന്നത്‌; തേജസ്വി യാദവ്‌

കോഴിക്കോട്‌: രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും കൈകോർത്ത്‌ പ്രവർത്തിക്കണമെന്ന്‌ ആർ.ജെ.ഡി നേതാവും ബീഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ പറഞ്ഞു. എം.പി വീരേന്ദ്രകുമാർ അനുസ്‌മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വിയോജിപ്പുകൾ മാറ്റിവച്ച്‌ പാവങ്ങളുടെ രക്ഷക്കായി ഇരു പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്‌ക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ്‌ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും പ്രവർത്തിക്കുന്നത്‌. ദളിതർ ഉൾപ്പെടെ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും, രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അടക്കം അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനും യോജിച്ച പോരാട്ടം ഉപകരിക്കും.

രാജ്യത്തെ വർഗീയമായി വിഭജിക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമം. സാമുദായികവും മതപരവുമായ ധ്രുവീകരണത്തിന്‌ അവർ വെറുപ്പ്‌ വിതറുകയാണ്‌. കേരളത്തിൽ ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്‌. പാവപ്പെട്ടവർക്കുവേണ്ടിയുള്ള രാഷ്‌ട്രീയം നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന്‌ മാതൃകയാണെന്നം അദ്ദേഹം പറഞ്ഞു. നളന്ദ സർവകലാശാലയുടെ മുദ്ര പതിച്ച ചിത്രവും ബിഹാറിന്റെ പരമ്പരാഗത നെയ്‌ത്തു വസ്‌ത്രവും അദ്ദേഹം മുഖ്യമന്ത്രിക്ക്‌ സമ്മാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *