ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകൾ മറന്നു ഒന്നിച്ചു നീങ്ങാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ. രാജസ്ഥാനിൽ പുകഞ്ഞിരിന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തിങ്കളാഴ്ച്ച ഹൈക്കമാൻഡിൻറെ നേതൃത്വത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സമവായം.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങൾ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയാതായാണ് റിപ്പോർട്ടുകൾ. അച്ചടക്ക ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഹൈക്കമാൻഡ് ഇരു നേതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിജെപി നേതാവ് വസുന്ധര രാജെയെ ചൊല്ലിയാണ് രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകൾ ഉടലെടുത്തത്. ബിജെപി സർക്കാരിൻറെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ ഗെഹ്‌ലോത്ത് സർക്കാർ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ പൈലറ്റ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പിഎസ്‌സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു സച്ചിൻറെ ആവശ്യങ്ങൾ.