തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറയ്ക്കലിൽ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസർക്കാരിന് കത്തയച്ചത്.
മുൻവർഷങ്ങളിൽ കേന്ദ്രം വായ്പാ പരിധി അറിയിക്കുമ്പോൾ അതിനൊപ്പം അത് കണക്കുകൂട്ടുന്നതിൻറെ വിശദാംശങ്ങൾകൂടി ലഭ്യമാക്കുകയായിരുന്നു. എന്നാൽ ഇത്തവണ വായ്പാപരിധി വലിയ തോതിൽ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കത്തു മാത്രമാണ് ലഭിച്ചത്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം വായ്പാനുമതി നൽകിയത്.
കത്തിൻറെ ആദ്യ ഭാഗത്ത് സാമ്പത്തിക വർഷത്തേക്കുള്ള കടമെടുപ്പു പരിധി എന്നാണ് എഴുതിയിരിക്കുന്നത്. മറ്റൊരു ഭാഗത്ത് ഒൻപത് മാസത്തേക്ക് വായ്പ എടുക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പ പരിധി വെട്ടിക്കുറച്ചതിൻറെ കാരണം വ്യക്തമായാൽ മാത്രമേ സംസ്ഥാനത്തിന് തുടർനടപടികളിലേക്ക് കടക്കാനാവൂയെന്നും യോഗം വിലയിരുത്തി.