ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായി കൊമ്പുകോർത്തു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപീകരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് വിവരം.
‘പ്രഗതിശീൽ കോൺഗ്രസെന്ന’ പേരിലാവും പുതിയ പാർട്ടി രൂപീകരിക്കുക. ജൂൺ 11ന് പുതിയ പാർട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിൻ പൈലറ്റിൻറെ പിതാവ് രാജേഷ് പൈലറ്റിൻറെ ചരമ വാർഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം.
സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോത്തുമായുള്ള തർക്കങ്ങൾ പരിഹാരം കണ്ടെത്താൻ ഹൈക്കമാൻഡ് ഊർജിത ശ്രമങ്ങളാണ് നടത്തി വന്നിരുന്നത്. മേയ് അവസാനം ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇരുവരുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻറെ സ്ഥാപനം ഐപാക് ആണ് പുതിയ പാർട്ടി രൂപീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 11 നു മുൻ ബിജെപി സർക്കാരിൻറെ അഴിമതിക്കെതിരേ നടപടി ആവശ്യപ്പെട്ടു സച്ചിൻ നടത്തിയ നിരാഹാരസമരത്തിൻറെയും, കഴിഞ്ഞ മാസം അജ്മീറിൽ നിന്നു ജയ്പുർ വരെ സച്ചിൻ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടെയും സംഘാടകർ ഐപാക്കായിരുന്നു.
വസുന്ധര രാജെ സർക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ പുനഃസംഘടന, ചോദ്യക്കടലാസ് ചോർച്ച പ്രശ്നത്തിൽ ഉദ്യോഗാർഥികൾക്കു നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളാണ് രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ മുന്നോട്ടു വച്ചിരുവന്നത്. ഹൈക്കമാൻഡുമായുള്ള ചർച്ചയിലും സച്ചിൻ ഈ ആവശ്യങ്ങൾ മുന്നോട്ടു വച്ചതായും രാഹുൽ ഗാന്ധി ഇതെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായുമായിരുന്നു റിപ്പോർട്ടുകൾ.