വാഷിങ്‌ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾട് ട്രംപിനെതിരെ രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്‌തതിൽ കേസെടുത്തു. ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത് പ്രതിരോധ രഹസ്യരേഖകൾ കൈവശം വയ്‌ക്കൽ, അന്വേഷണത്തിന് തടസം സൃഷ്‌ടിക്കൽ തുടങ്ങിയ ഏഴുകുറ്റങ്ങളാണ്. ഇതോടെ ക്രിമിനൽ കേസ് ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ യു.എസ് പ്രസിഡന്റായി ട്രംപ് മാറി.
ചൊവ്വാഴ്ച മിയാമി കോടതിയിൽ ഹാജരാകുമെന്ന് ട്രംപ് അറിയിച്ചു. ഫ്ലോറിഡയിലെ ട്രംപിന്റെ റിസോർട്ടായ മാർ- എ-ലാഗോയിൽ നിന്ന് എഫ്.ബി.ഐ കഴിഞ്ഞവർഷം നടത്തിയ പരിശോധനയിൽ 11,000 രേഖകളാണ് കണ്ടെത്തിയത്. എന്നാൽ, രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ഉയർന്നു വന്നിരിക്കുന്ന കുറ്റാരോപണമെന്നാണ് ട്രംപ് പ്രതികരിച്ചത്.
കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയത് അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയിലാണ്. നീലചിത്രതാരത്തിന് ബന്ധം വെളിപ്പെടുത്താതിരിക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം നൽകിയെന്ന കേസിലും ട്രംപിനെതിരെ മുമ്പ് കേസ് എടുത്തിരുന്നു.