Timely news thodupuzha

logo

മാധ്യമങ്ങള്‍ എസ്.എഫ്‌.ഐ നേതാക്കള്‍ക്കെതിരെ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ്; പി.എം ആര്‍ഷോ

തിരുവനന്തപുരം: എസ്.എഫ്‌.ഐ നേതാക്കള്‍ക്കെതിരെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ആലപ്പുഴയില്‍ നിഖില്‍ തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങള്‍ നല്‍കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു വാര്‍ത്ത നല്‍കിയത്. ആരെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടോ. മുഴുവൻ സർട്ടിഫിക്കറ്റുകളും നിഖിൽ ഹാജരാക്കി . പരിശോധിച്ചപ്പോൾ അതൊന്നും വ്യാജമല്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. മുഴുവൻ രേഖകളും നിയമപരമാണെന്നും ആർഷോ പ്രതികരിച്ചു.

കായംകുളം കോളേജിൽ പഠിച്ചിരുന്ന ഡിഗ്രി കോഴ്സ് നിഖിൽ റദ്ദാക്കിയിരുന്നു. നിഖിലിനെതിരെ എന്തിന് കേസെടുക്കണമെന്നും ആക്ഷേപമുള്ളവർ പരാതി നൽകട്ടെയെന്നും ആർഷോ പറഞ്ഞു.

രണ്ട് ദിവസമായി വാര്‍ത്ത നല്‍കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നാണ്. അത് എന്ത് മാധ്യമ സ്വാതന്ത്ര്യമാണ്? മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷമാണ് എംഎസ്എഫും കെഎസ്‌യുവും പരാതി നല്‍കിയത്.

അതില്‍ മാത്രമല്ല അന്വേഷണം വേണ്ടത്. ആലപ്പുഴ കെഎസ്‌യു കണ്‍വീനറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, കാലിക്കറ്റ് എംഎസ്എഫ് തട്ടിപ്പ് എന്നിവയില്‍ മാധ്യമങ്ങള്‍ക്ക് ആവേശമില്ല.

റെഗുലർ വിദ്യാർഥിയല്ലാത്ത ആളാണ് എംഎസ്എഫിന്റെ സ്ഥാനാർഥിയായി സെനറ്റിലേക്ക് മത്സരിച്ചത്. ഈ വിഷയങ്ങളില്‍ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ ആവേശമില്ലെന്നും പൊലീസിന് ആവേശമുണ്ടെന്നും ആര്‍ഷോ പറഞ്ഞു.കെഎസ്‌യു നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് എല്ലാവരും കണ്ടു. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് താനോ നിങ്ങളോ കണ്ടിട്ടില്ല.

എന്നാല്‍ അക്കാര്യത്തില്‍ ഭയങ്കര ആവേശമാണ്. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ നിക്ഷ്പക്ഷമാണെന്ന് അവകാശപ്പെടരുതെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *