
ലണ്ടൻ: പണപ്പെരുപ്പം നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലുള്ള യു.കെയിൽ കഴിഞ്ഞ വർഷം ഏഴിലൊരാൾ പട്ടിണിയിലായിരുന്നെന്ന് റിപ്പോർട്ട്. ലോകത്തെ ആറ് ധനികരാഷ്ട്രങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. 2022ൽ അവിടെ 1.13 കോടി പേർ ഭക്ഷണം കഴിക്കാൻ പണമില്ലാത്ത നിലയിലെത്തിയെന്നാണ് ഫുഡ് ചാരിറ്റി ബാങ്കായ ട്രസ്സൽ ട്രസ്റ്റിന്റെ റിപ്പോർട്ട്.
സ്കോട്ട്‌ലൻഡിന്റെ ആകെ ജനസംഖ്യയുടെ ഇരട്ടിയേക്കാൾ കൂടുതലാണിത്.പണപ്പെരുപ്പം അതിരൂക്ഷമായതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടൻ. ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ ജീവിക്കാൻ ആവശ്യമായ കൂലി ആവശ്യപ്പെട്ട് പ്രതിരോധം ഉൾപ്പെടെ സമസ്ത മേഖലയിലെയും ജീവനക്കാർ സമരത്തിലാണ്.
ആംഗ്ലിക്കൻ സഭയിലെ പുരോഹിതന്മാരും സ്‌റ്റൈപെൻഡ് വർധന ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു.യുകെയുടെ വിവധ ഭാഗങ്ങളിലായി പാവങ്ങൾക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുന്ന 1300 ബാങ്കാണ് ട്രസ്സൽ ട്രസ്റ്റിനുള്ളത്.
മാർച്ചുവരെ 30 ലക്ഷം പൊതിയാണ് നൽകിയത്. കഴിഞ്ഞവർഷത്തേക്കാൾ 37 ശതമാനം കൂടുതൽ. അഞ്ചുവർഷംമുമ്പ് നൽകിയിരുന്നതിനേക്കാൾ ഇരട്ടിയിലധികം.യുകെയിൽ 71 ശതമാനം ജനങ്ങളും വിശന്ന് കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു ശതമാനം പേർക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്.