ന്യൂഡൽഹി: ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശാല മന്ത്രി സഭാ യോഗം വിളിച്ചു. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനാ സാധ്യതകൾ സജീവമാക്കിക്കൊണ്ടാണ് മന്ത്രി സഭാ യോഗം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരൻ എന്നിവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
എന്നാൽ, നിതിൻ ഗഡ്കരിയുടേതുൾപ്പെടെയുള്ള വകുപ്പുകളിൽ മാറ്റമുണ്ടായേക്കും. കേന്ദ്ര മന്ത്രിസഭാ മുഖം മിനുക്കാനൊരുങ്ങുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണ്. തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രഗതി മൈതാനിൽ പുതുതായി നിർമിച്ച കൺവെൻഷൻ സെന്‍ററിലാണ് യോഗം.
കേന്ദ്ര മന്ത്രി സഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു വന്നത് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡ എന്നിവർ തമ്മിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കു പിന്നാലെയാണ്.