ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഗുസ്തി താരങ്ങളായ വിനോഷ് ഫോഗട്ടിനും ബജ്‌രംഗ് പൂനിയയ്ക്കും വിദേശ പരിശീലനത്തിന് അനുമതി നൽകി. ചെലവുകളെല്ലാം കേന്ദ്രം വഹിക്കും. കൂടാതെ താരങ്ങളെ പരിശീലകൻ അടക്കം ഏഴു പേർക്ക് അനുഗമിക്കാനും അനുമതി നൽകിയിട്ടുണ്ട്.
വിനേഷ് ഫോഗട്ട് ഹംഗറിയിലേക്കും ബജ്‌രംഗ് പൂനിയ കിർഗിസ്ഥാനിലേക്കുമാണ് പരിശീലനത്തിനായി പോകുന്നത്. ഇരുവരും ജൂലൈ ആദ്യ വാരത്തിൽ വിദേശത്തേക്ക് പോയേക്കും.
പൂനിയയ്ക്ക് കിർഗിസ്ഥാനിലെ ഇസിക്-കുലിൽ 36 ദിവസത്തെ പരിശീലനത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം പരിശീലകൻ സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനുജ് ഗുപ്ത, പങ്കാളി ജിതേന്ദർ കിൻഹ, കണ്ടീഷണിങ് വിദഗ്ധൻ കാശി ഹാസൻ എന്നിവരാാകും ഉണ്ടാകുക.
ഇരുവർക്കും വിദേശ പരിശീലനത്തിന് അനുമതി ലഭിച്ചത് ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക പരാതിയിൽ നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിൽ നിന്ന് പിന്മാറിയെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ്.