പത്തനംതിട്ട: മണിമലയാറ്റിലെ കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒലിച്ചു പോയ കടത്തുവള്ളം പാലത്തിൽ നിന്ന് ചാടി അതിസാഹസികമായി പിടിച്ചെടുത്ത് വള്ളക്കാരൻ.
വള്ളം പിടിച്ചെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലത്തിനരികിൽ കെട്ടിയിട്ടിരുന്ന കടത്തു വള്ളം മഴ കനത്തതോടെ ആറ്റിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചു പോകുകയായിരുന്നു. കോമളം പാലത്തിൻറെ അപ്രോച്ച് റോഡ് തകർന്നതിനെത്തുടർന്ന് ഗതാഗതം ഉറപ്പാക്കാനായാണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വള്ളം വാങ്ങിയത്.
വെണ്ണിക്കുളം സ്വദേശി രാമചന്ദ്രനാണ് വള്ളക്കാരൻ. വള്ളം മണിമലയാറ്റിലൂടെ ഒഴുകിപ്പോകുന്നതായി സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞതിനു പിന്നാലേയാണ് രാമചന്ദ്രൻ സ്ഥലത്തെത്തിയത്.
വള്ളം ഒഴുകിക്കൊണ്ടിരുന്ന ദിശ മനസ്സിലാക്കിയതിനു ശേഷം പുറമറ്റം ഇരുമ്പുപാലത്തിനു മുകളിലെത്തിയ രാമചന്ദ്രനും സുഹൃത്തും വള്ളം പാലത്തിനരികിലേത്തിയ ഉടനെ പാലത്തിൽ നിന്ന് എടുത്തു ചാടി വള്ളം കൈപ്പിടിയിലാക്കുകയായിരുന്നു.
മൂന്നു കിലോമീറ്ററോളം ഒഴുകിയാണ് വള്ളം പാലത്തിനു കീഴിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് ഒരു മണിക്കൂറോളം നേരം ശ്രമിച്ചിട്ടാണ് രാമചന്ദ്രനും സുഹൃത്തും ചേർന്ന് വള്ളം കരയ്ക്കെത്തിച്ചത്.