Timely news thodupuzha

logo

ക്രിമിയയ്ക്കും റഷ്യക്കും ഇടയിലുള്ള കടൽ പാലം ഭാ​ഗികമായി തകർത്ത് ഉക്രയ്ൻ

മോസ്കോ: ക്രിമിയയെ റഷ്യൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കടൽ പാലത്തിനു നേരെ ഉക്രയ്ൻ ആക്രമണം. സ്‌ഫോടനത്തിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാലം കടക്കുകയായിരുന്ന ദമ്പതികൾ മരിച്ചു. ഇവരുടെ മകൾക്ക് പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ കരിങ്കടൽവഴി ധാന്യം കൊണ്ടുപോകാനുള്ള കരാറിൽനിന്ന്‌ പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു. ഉക്രയ്‌ൻ സ്പെഷ്യൽ ഫോഴ്‌സും ഉക്രയ്‌ൻ നാവികസേനയും സംയുക്തമായാണ്‌ തിങ്കളാഴ്ച ആക്രമണം നടത്തിയതെന്ന്‌ റഷ്യ പ്രതികരിച്ചു.

സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട്‌ ഡ്രോൺ ഉപയോഗിച്ച്‌ തിങ്കൾ പുലർച്ചെയായിരുന്നു ആക്രമണം. സംഭവത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിലും പാലത്തിലേക്ക്‌ ആക്രമണം ഉണ്ടായിരുന്നു.

ആദ്യം നിഷേധിച്ചെങ്കിലും ആക്രമിച്ചത്‌ തങ്ങളാണെന്ന്‌ മാസങ്ങൾക്കുശേഷം ഉക്രയ്‌ൻ സമ്മതിച്ചിരുന്നു. റഷ്യയിൽനിന്ന്‌ ക്രിമിയയിലേക്ക്‌ ഭക്ഷ്യധാന്യവും മറ്റും എത്തിക്കുന്ന കടൽപ്പാലം തകർക്കപ്പെട്ടതിന് പിന്നാലെ, കരിങ്കടൽവഴി ധാന്യം കൊണ്ടുപോകാനുള്ള കരാറിൽ നിന്ന് പിന്മാറുന്നതായി ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്കോവ് പ്രഖ്യാപിച്ചു. റഷ്യയുമായുള്ള യുദ്ധം ഉക്രയ്‌നിൽനിന്നുള്ള ധാന്യ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ലോകത്ത്‌ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായതോടെ യു എൻ ശുപാർശപ്രകാരമാണ്‌ കഴിഞ്ഞ വേനൽക്കാലത്ത്‌ റഷ്യ കരാറിന്‌ സന്നദ്ധമായത്‌. പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, റഷ്യയിൽനിന്ന്‌ ഭക്ഷ്യവസ്തുക്കളും വളവും കയറ്റുമതി ചെയ്യാനും ധാരണയായി. പലതവണ കാലാവധി നീട്ടിയ കരാർ തിങ്കൾ അർധരാത്രി അവസാനിക്കാനിരിക്കെയാണ്‌ ഇനി പുതുക്കാനില്ലെന്ന റഷ്യയുടെ പ്രഖ്യാപനം.

Leave a Comment

Your email address will not be published. Required fields are marked *