ഛണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ട് 11നാണ് വിജയ് ചൗക്കിനടുത്തുള്ള പള്ളിക്കു നേരെ ആക്രമണമുണ്ടായത്.
അതേസമയം അൽപ്പം മാറി പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള മോസ്കിലും തീ പടർന്നുവെങ്കിലും ഇത് ഷോർട് സർക്യൂട്ട് മൂലമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇരു പള്ളികൾക്കും തീ പടർന്നു പിടിച്ചതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.
പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണെന്ന് നൂഹ് എസ് പി വരുൺ സിംഗ്ല പറയുന്നു. സംഘർഷം പടർന്നു പിടിച്ച നൂഹിൽ ഇപ്പോൾ കർഫ്യൂവിന് ഇളവ് നൽകിയിട്ടുണ്ട്.
രാവിലെ 10 മുതൽ ഒരു മണിവരെ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി ജനങ്ങൾക്ക് പുറത്തിറങ്ങാം. വിശ്വ ഹിന്ദു പരിഷത്തിന്‍റെ റാലിയെത്തുടർന്ന് നൂഹിൽ സംഘർഷം കടുത്തിരുന്നു. അക്രമങ്ങളിൽ 6 പേരാണ് കൊല്ലപ്പെട്ടത്. 116 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.