തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും മുൻ മന്ത്രിയും മുൻ ഗവർണറുമായ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് സഭ സമ്മേളനം പുരോഗമിക്കുകയാണ്.
കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
ആൾക്കൂട്ടത്തെ ഊർജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി റോഷി അഗസ്റ്റ്യൻ തുടങ്ങിയ നിരവധി പേർ ഉമ്മൻ ചാണ്ടിയുടെയും വക്കം പുരുഷോത്തമൻറേയും വിയോഗത്തിൽ അനുസ്മരണം അറിയിച്ചു.
അനുസ്മരണത്തിനുശേഷം 53 വർഷം തുടർച്ചയായി എംഎൽഎയായി സഭയിൽ തുടർന്ന ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം മുൻനിരയിൽ നിന്ന് മാറ്റി സീറ്റുകൾ പുനഃക്രമീകരിക്കും.
ഡോ. വന്ദനാ ദാസ് കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ഓർഡിനൻസിന് പകരമുള്ള ആരോഗ്യരക്ഷാ സേവനപ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബിൽ നാളെ സഭയിലെത്തും.
പ്രധാനമായും നിയമ നിർമാണം ലക്ഷ്യമിട്ട് ചേരുന്ന ഈ സമ്മേളനം 12 ദിവസം നീളും. ഇന്ന് ആരംഭിച്ച് ഈ മാസം 24ന് സമീപിക്കുന്ന രീതിയിലാണു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും.
ഓർഡിനൻസിന് പകരം വരുന്ന രണ്ടു ബില്ലുകളും നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം വരുന്ന രണ്ട് ബില്ലുകളുമുൾപ്പെടെ സുപ്രധാനമായ 14 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ പരിഗണനക്കെത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണന 21നാണ് നിശ്ചയിച്ചിരിക്കുന്നത്.
മറ്റു ദിവസങ്ങളിലെ നിയമ നിർമാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന കാര്യോപദേശക സമിതി ശുപാർശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കും. നിലവിൽ ഈ മാസം 11, 18 തീയതികളാണ് അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണു വിനിയോഗിക്കുന്നത്.
സംസ്ഥാനത്തെ അരോഗ്യ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കായുള്ള കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺ ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് അൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ഭേദഗതി ബിൽ 2023, കേരള ടാക്സേഴ്സ് (ഭേദഗതി) ബിൽ 2023 എന്നിവയാണ് ഓർഡിനൻസിനു പകരമായി സഭയിലെത്തുന്ന ബില്ലുകൾ. 14നും 15നും സഭ ചേരില്ല.
ഒപ്പം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമെത്തുന്ന കേരള ലൈവ്സ്റ്റോക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ (റെഗുലേഷൻ ആൻഡ് മാനുഫാക്ചേർ ആൻഡ് സെയിൽ) ബിൽ 2022, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മൂന്നാം ഭേദഗതി) ബിൽ 2022 എന്നീ രണ്ടു ബില്ലുകളും സഭ പരിഗണിക്കും. ഇതോടൊപ്പം കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബിൽ 2021 (ബിൽ നമ്പർ 38), ദി പേയ്മെൻറ് സാലറീസ് ആൻഡ് അലവൻസ് (ഭേദഗതി) ബിൽ 2022 (ബിൽ നമ്പർ 107), കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് പേയ്മെൻറ് ഓഫ് ഫയർ വേജസ് (ഭേദഗതി) ബിൽ 2022 (ബിൽ നമ്പർ 142), ശ്രീ പണ്ടാരവക ലാൻഡ്സ് (വെസ്റ്റിങ് ആൻഡ് എൻഫ്രാഞ്ചൈസ്മെൻറ്) ഭേദഗതി ബിൽ 2022 (ബിൽ നമ്പർ 143), കേരള ഡയറി ഫാമേഴ്സ് വെൽഫയർ ഫണ്ട് (ഭേദഗതി) ബിൽ 2023 (ബിൽ നമ്പർ 156), കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡീഷനൽ ഫംങ്ഷൻ ആസ് റെസ്പെക്റ്റ് സേർട്ടൻ കേർപ്പറേഷൻസ് ആൻഡ് കമ്പനീസ്) ഭേദഗതി ബിൽ 2023 (ബിൽ നമ്പർ 159), അബ്കരി (ഭേദഗതി)ബിൽ 2023 (ബിൽ നമ്പർ 164), കേരള മെഡിക്കൽ എജ്യൂക്കേഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ ഓഫ് അഡ്മിഷൻ ടു പ്രൈവറ്റ് മെഡിക്കൽ എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ്) ഭേദഗതി ബിൽ 2023 (ബിൽ നമ്പർ 166), ദി കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (കേരള ഭേദഗതി) ബിൽ 2023 (ബിൽ നമ്പർ 105), ദി ഇന്ത്യൻ പാർട്ടണർഷിപ്പ് ബിൽ 2023 (ബിൽ നമ്പർ 167) തുടങ്ങിയ 10 ബില്ലുകളും ഈ സമ്മേളന കാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകളാണ്.