ന്യൂഡൽഹി: സി.പി.ഐ.എം പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ സെമിനാർ ഡൽഹി പൊലീസ് തടഞ്ഞു. ’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന സെമിനാറാണ് തടഞ്ഞത്. സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സുർജിത് ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.
കെട്ടിടത്തിലേക്കുള്ള ഗെയ്റ്റുകൾ പൂട്ടി. പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായാണ് പൊലീസ് പെരുമാറിയത്. കനത്ത പൊലീസ് സന്നാഹം സുർജിത് ഭവന് മുന്നിൽ തമ്പടിച്ചിട്ടുണ്ട്. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ കൈരളി വാർത്താസംഘത്തെ പൊലീസ് തടഞ്ഞു. സെമിനാറിന് മുൻകൂർ അനുമതി തേടിയില്ല എന്ന് ആരോപിച്ചാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസമാണ് ‘വീ 20’ സെമിനാർ ആരംഭിച്ചത്. മേധാ പട്ക്കർ, പ്രൊഫ. അരുൺകുമാർ, ബ്രിന്ദ കാരാട്ട്, ജയന്തിഘോഷ് തുടങ്ങിയവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത് . സെമിനാർ തടഞ്ഞ നടപടി സ്വേച്ഛാധിപരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന പരിപാടിയാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു.