ബാംഗ്ലൂർ: ചന്ദ്രയാൻ-3യിലെ ലാൻഡർ മൊഡ്യൂളായ വിക്രം, മുൻ ദൗത്യമായ ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു.
ചന്ദ്രയാൻ-2വിൻറെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ ഇപ്പോഴും വിജയകരമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2വിലെ ഓർബിറ്ററായ പ്രധാൻ ( PRADAN ) ഉള്ളത്.
ഇതിൽ നിന്ന് ചന്ദ്രയാൻ-3യുടെ ലാൻഡർ മൊഡ്യൂളിലേക്ക് സ്വാഗത സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ തന്നെയാണ് അറിയിച്ചത്. ഇതിനിടെ, വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്.
ബുധനാഴ്ച വൈകിട്ട് 5.45ന് ലാൻഡിങ് ആരംഭിച്ച് 6.04ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രൻറെ മറുവശത്താണ് വിക്രം ലാൻഡ് ചെയ്യുക. ഈ ഭാഗത്ത് ലാൻഡിങ് നടത്താൻ ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല.