Timely news thodupuzha

logo

മാസപ്പടി വിവാദം; വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാൾ വലിയ തുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ ഇതിനോടകം കൈപ്പറ്റിയിരിക്കുന്നതെന്നായിരുന്നു കുഴൽനാടന്‍റെ ആരോപണം. ഇപ്പോൾ ഒരു കമ്പനിയിൽ നിന്നു കൈപ്പറ്റിയ തുകയുടെ കണക്കുകൾ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇങ്ങനെ എത്രയോ കമ്പനികളിൽ നിന്ന് വീണ വൻ തുകകൾ കൈപ്പറ്റിയിട്ടുണ്ടെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസങ്ങളായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

തന്‍റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെറ്റാണെന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്. എക്സാലോജിക്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു.

കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയിൽ ബാക്കിയുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ്.

ഇതായിരുന്നു തന്‍റെ പോരാട്ടത്തിന്‍റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കുമെന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നതെന്നും കുഴൽനാടൻ അവകാശപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *