കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മുൻമന്ത്രിയും സി.പി.എം എം.എൽ.എയുമായ എ.സി മൊയ്തീനു ഇ.ഡി നോട്ടീസ് അയച്ചു.
ഈ മാസം 31നു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ബെനാമി ലോൺ അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ എ.സി മൊയ്തീനാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇ.ഡി അറിയിച്ചു.
150 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നതായി അന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് ബെനാമി സ്വത്തുക്കൾ പണയപ്പെടുത്തി കോടികൾ തട്ടിയത്.
പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബെനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.