കൊൽക്കത്ത: ബംഗാളിലെ ദുപ്‌ഗുരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം. 2021 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ജയിച്ച മണ്ഡലമാണിത്. എം.എൽ.എയായിരുന്ന ബിഷ്‌ണുപദ റോയ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇടതുമുന്നണിയിൽനിന്ന് സി.പി.ഐ.എമ്മിന്റെ ഈശ്വർചന്ദ്ര റോയിയാണ് സ്ഥാനാർഥി.
ബി.ജെ.പിക്കായി താപസി റോയിയും തൃണമൂലിനായി നിർമൽചന്ദ്ര റോയിയുമാണ് സ്ഥാനാർഥികൾ. അധ്യാപകനും നാടോടി ഗായകനുമായ സി.പി.ഐ.എം സ്ഥാനാർഥി ഈശ്വർചന്ദ്ര റോയിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സാദർദിഘി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ജയിച്ചിരുന്നു. എന്നാൽ എം.എൽ.എയായ ശേഷം ബയ്റോൺ ബിശ്വാസ് മെയിൽ തൃണമൂലിലേക്ക് ചേക്കേറിയത് കോൺഗ്രസിന് കടുത്ത ക്ഷീണമായി.
നിയമസഭയിലെ ഏക സീറ്റും ഇതോടെ കോൺഗ്രസിന് നഷ്‌ടപ്പെട്ടിരുന്നു.1977 മുതൽ 2011 വരെ തുടർച്ചയായി സി.പി.ഐ.എം സ്ഥാനാർഥി ജയിച്ചിട്ടുള്ള മണ്ഡലമാണ് ദൂപ്‌ഗുരി. 2016ൽ തൃണമൂൽ ജയിച്ച മണ്ഡലം 2021ൽ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.