റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തു വിട്ട് മോറോക്കോ ആരോഗ്യമന്ത്രാലയം.
ഇതുവരെ കുറഞ്ഞത് 2,122 പേർ മരിക്കുകയും 2,421-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഇതിൽ 1,400 പേർ ഗുരുതരാവസ്ഥയിലാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇവിടത്തെ പൗരാണിക നഗരമായ മാരാക്കേഷിലെ റോഡുകൾ തകർന്ന് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസം നേരിടുന്നതായും ഭൂകമ്പത്തെ അതിജീവിച്ച നിരവധി ആളുകൾ ഇപ്പോഴും വെള്ളവും ഭക്ഷണവും പാർപ്പിടവുമില്ലാതെ തെരുവിൽ കഴിയുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് ഉണ്ടായത്. സെക്കൻഡുകളോളം ഭൂചലനത്തിൻറെ പ്രകമ്പനം നില നിന്നതായി പ്രദേശവാസികൾ പറയുന്നു.
റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മരുകേഷിൻറെ സമീപ പ്രദേശമാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം.