കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി അടക്കമുള്ള സംഘത്തെ മർദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെന്‍ഷന്‍. നടക്കാവ് ഗ്രേഡ് എസ്ഐ വിനോദ് കുമാറിനെയാണ് കമ്മീഷണർ സസ്പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അത്തോളി സ്വദേശി അഫ്ന അബ്ദുൽ നാഫിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വാഹനത്തിന് വഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബൈക്കിലുണ്ടായിരുന്നവര്‍ എസ്‌ഐയെ വിളിച്ച് വരുത്തുകയായിരുന്നു.
ഇതോടെ 3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തെ പ്രകോപനമില്ലാതെ എസ്‌ഐ മർദിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ ഐപിസി 354എ അടക്കമുള്ള വകുപ്പുകൾ ചുമത്തി എസ്ഐക്കെതിരെ കേസും എടുത്തിട്ടുണ്ട്.