ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സി.പി.എം. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഏകോപന സമിതിയിൽ സി.പി.എം അംഗം ഉണ്ടാകില്ല.
നിലവിലെ സാഹചര്യത്തിൽ കൃത്യമായ ഒന്നു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാർട്ടികളുടെ സഹകരണം പോവേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. മുന്നണിയുടെ ശക്തി 28 പാർട്ടികളും അവയുടെ നേതാക്കളുമാണ്.
അതിന് മുകളിൽ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഓരോ സംസ്ഥാനത്തിൻറേയും രാഷ്ട്രീയ സാഹചര്യം ഓരോന്നാണ്. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം.
അതുകൊണ്ട് ഇത്തരത്തിലൊരു മുന്നണി സംവിധാനം ആവശ്യമില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. രാജ്യത്തിൻറെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാർട്ടി പ്രവർത്തിക്കും.
കേന്ദ്ര, സംസ്ഥാന ഭരണങ്ങളിൽ നിന്ന് ബി.ജെ.പിയെ അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെ സി.പി.എം അംഗീകരിക്കുന്നു.
തെരഞ്ഞെടുത്ത നേതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. അത്തരം തീരുമാനങ്ങൾക്ക് തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങൾ ഉണ്ടാകരുതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സി.പി.എമ്മിനും സ്ഥാനം മാറ്റിവച്ചിരുന്നു.
എന്നാൽ, പാർട്ടി ഘടകങ്ങളിൽ ആലോചിച്ച് തീരുമാനിക്കാമെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പോളിറ്റ് ബ്യൂറോയിൽ ഈ വിഷയം ചർച്ചയായത്.