തിരുവനന്തപുരം: തിരുവോണ ബംപർ ലോട്ടറി ടിക്കറ്റിന്‍റെ നറുക്കെടുപ്പ് 20ന് നടക്കും. കേരള ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. റെക്കോർഡുകൾ ഭേദിച്ചാണ് ഇത്തവണ ടിക്കറ്റ് വിറ്റുപോയത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബംപർ വിൽപ്പനയുടെ അവസാന ദിവസത്തിലേക്ക് കടക്കുമ്പോഴും ലോട്ടറി കടകളിൽ വലിയ തിരക്കാണ് കാണാനാകുന്നത്. വിൽപ്പന തുടങ്ങിയ ആദ്യം ദിവസം മാത്രം നാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റത് എന്നതും റെക്കോർഡ് നേട്ടമാണ്.
ഓരോ കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മനവും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം തിരുവോണം ബമ്പര്‍ ടിക്കറ്റുകൾ അച്ചടിക്കുകയും ഇതിൽ 66 ലക്ഷത്തോളം വിറ്റുപോവുകയും ചെയ്തു.
ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാന്‍ കാരണമായതെന്നാണ് ഏജന്‍സികൾ പറയുന്നത്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടു.