തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷിച്ച് ആവശ്യമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.
പരാതി ലഭിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടക്കുകയും ചെയ്യും. കൃത്യമായ അന്വേഷണം നടത്തണം.
അതിൽ പാർട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തിൽ അവ്യക്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിൽ പരാതി ഉന്നയിക്കുമ്പോൾ അതിന്റെ വാസ്തവം അന്വേഷണിക്കണം. അല്ലാതെ അതിന് പ്രചാരണം നടത്തുന്ന ഏജൻസിയായി മാധ്യമങ്ങൾ മാറരുതെന്നും തെളിവുകൾ മാധ്യമങ്ങൾ അല്ല, പൊലീസ് കാണിക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേർത്തു.