Timely news thodupuzha

logo

അഖിൽ മാത്യു കൈക്കൂലി വാങ്ങിയിട്ടില്ല, തെളിവ് പുറത്ത്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിന്റെ മുനയൊടിയുന്നു. അഖില്‍ മാത്യുവിന് പണം കൊടുത്തുവെന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിൽ വിവാഹ ചടങ്ങിലായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്. പത്തനംതിട്ട ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന.പി.ജോർജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അഖില്‍ മാത്യു.

വൈകിട്ട് നാലിന് പത്തനംതിട്ട മൈലപ്ര ശാലേം മാര്‍ത്തോമ്മ പള്ളിയിലായിരുന്നു വിവാഹം. തുടര്‍ന്ന് മൈലപ്ര പള്ളിപ്പടി സാം ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന്‌. ഇതില്‍ രണ്ടിലും അഖില്‍ മാത്യു പങ്കെടുത്തിട്ടുണ്ട്.

ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ ഉന്നയിച്ച ആരോപണം കള്ളമെന്ന് വ്യക്തമാകുന്നു. അഖില്‍ മാത്യുവിന്റെ പേരില്‍ മറ്റാരോ തട്ടിപ്പ് നടത്തിയെന്ന് വേണം മനസിലാക്കാൻ.

ഇത് സംബന്ധിച്ച് അഖില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. ആയുഷില്‍ താല്‍ക്കാലിക നിയമനം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയതെന്നാണ് മലപ്പുറം സ്വദേശി ആരോപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *