ന്യൂഡൽഹി: മതപരിവർത്തനം നടക്കുന്നുവെന്ന സന്ദേശത്തെ തുടർന്ന് ഡൽഹി പൊലീസ് ക്രൈസ്‌തവ ദമ്പതികളുടെ കുട്ടിയുടെ ജന്മദിനാഘോഷം തടഞ്ഞു. ഡൽഹി വസീറാബാദിൽ വെള്ളിയാഴ്‌ചയാണ് സംഭവം. സ്വകാര്യ ഹോട്ടലിന്റെ ഹാളിൽ മതപരിവർത്തനം നടക്കുന്നു എന്നായിരുന്നു വസീറാബാദ് സ്‌റ്റേഷനിൽ വൈകിട്ട് ലഭിച്ച സന്ദേശം.
ഇവിടെ ആറുവയസ്സുള്ള കുട്ടിയുടെ ജന്മദിനാഘോഷവും മറ്റൊരു കുട്ടിയുടെ പേരിടൽ ചടങ്ങും നടക്കുന്നുണ്ടായിരുന്നു.ഹാളിനുള്ളിൽ അറുപതോളം പേരുണ്ടായിരുന്നു. മത പരിവർത്തനമെന്ന പ്രചാരണത്തെ തുടർന്ന് തീവ്രഹിന്ദുത്വ വാദികളും പരിസരത്ത് തടിച്ചുകൂടി.
തുടർന്ന്, ജന്മദിനാഘോഷം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ട പൊലീസ് ഇവിടെനിന്ന് ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, മതപരിവർത്തനം നടന്നതിന്റെ തെളിവില്ലാത്തതിനാൽ ഇവരെ വൈകാതെ വിട്ടയച്ചു. എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തില്ല.