ഹാങ്ങ്ഷൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിയിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. തിലക് വർമയ്ക്ക് അർദ്ധ സെഞ്ചുറി(55).
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കത്തിൽ യശസ്വി ജയ്‌സ്വാളിൻ്റെ(0) വിക്കറ്റ് നഷ്ടമായതോടെ പിന്നീട് അങ്ങോട്ട് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും തിലക് വർമയും ചേർന്ന് ബൗണ്ടറികൾക്ക് തിരികൊളുത്തി. ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റൺസ് അടിച്ചുകൂട്ടിയപ്പോൾ 26 പന്തിൽ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റൺസായിരുന്നു തിലക് വർമയുടെ സമ്പാദ്യം.
പുറത്താകാതെ നിന്ന ഇരുവരും ചേർന്ന് 10-ാം ഓവറിൽ ഇന്ത്യയ്ക്ക് ജയവും, ഫൈനലിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസ് വാരിക്കൂട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് അന്തകനായത് മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ്.
വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. 24 റൺസ് നേടിയ ജേകർ അലി, പർവേസ് ഹുസൈൻ ഇമോൻ (23), റാക്കിബുൽ ഹസൻ (14) എന്നീ മൂന്നു പേർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടവർ.
മഹ്മുദുൽ ഹസൻ ജോയ് (5), സെയ്ഫ് ഹസൻ (1), സാക്കിർ ഹുസൈൻ (0), അഫീഫ് ഹുസൈൻ (7), ഷഹദാത്ത് ഹുസൈൻ (5), മൃതുൻജോയ് ചൗധരി (4), റിപോൺ മണ്ഡൽ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.