മുംബൈ: പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.
പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഇത്തവണയും നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി(എം.പി.സി) ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തിൽ നിലനിർത്തി.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയർത്തിയ സ്റ്റാൻഡിങ്ങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്.ഡി.എഫ്), മാർജിനൽ സ്റ്റാൻഡിങ്ങ് ഫെസിലിറ്റി(എം.എസ്.എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആർ.ബി.ഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യോഗത്തിൽ 10 ശതമാനം ഇൻക്രിമെന്റൽ കാഷ് റിസർവ് റേഷ്യോ(ഐ.സി.ആർ.ആർ) കൊണ്ടുവന്നിരുന്നു.