ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ത, ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തി എന്നിവരെ തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ദില്ലി ഹെെക്കോടതി ഇന്ന് പരിഗണിക്കും.
ന്യൂസ് ക്ലിക് നൽകിയ ഹർജിയിലാണ് അടിയന്തിരമായി വാദം കേൾക്കുന്നത്.ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം അടിയന്തരമായി പരിഗണിക്കണ മെന്ന് ആവശ്യപ്പെട്ടത്. അറസ്റ്റ് നിയമവിരുദ്ധവും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണെന്ന് കപിൽ സിബൽ പറഞ്ഞു.
ചൊവ്വാഴ്ചയാണ് പുർക്കായസ്തയെയും ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. മാധ്യമസ്ഥാപനത്തിലും മാധ്യമപ്ര്വർത്തകരുടെ വീടുകളിലും അടക്കം 30ലേറെ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
എഫ്.ഐ.ആറിന്റെ പകർപ്പ് നൽകാൻ ഹെെക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ന്യൂസ് പോർട്ടൽ ചൈന അനുകൂല പ്രചരണം നടത്താൻ പണം സ്വീകരിച്ചു എന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്.